മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. അതുകൊണ്ടുതന്നെ "സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി "എന്ന് ചാലിയം കോട്ട അറിയപ്പെട്ടു.