ഒരേ ഭാഷ സംസാരിച്ചിരുന്നവരനെങ്കിലും, മലയാളികൾ മൂന്ന് വ്യത്യസ്ത ഭരണ മേഖലകളിലായി ഭിന്നിച്ചു കിടക്കുകയായിരുന്നു.
1920 നാഗ്പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്ത് വെച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു.
“ആന്ധ്രാ കേസരി” എന്നറിയപ്പെടുന്ന ബാരിസ്റ്റർ പ്രകാശമായിരുന്നു ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ.
തുടർന്ന് തിരുവിതാംകൂർ കൊച്ചി മലബാർ പ്രദേശങ്ങളിൽ ഉൾപ്പെടുത്തി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു.
ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.
1947 കേളപ്പൻ്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷനിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആലുവയിൽ വെച്ച് ചേർന്ന ഐക്യകേരള സമ്മേളനത്തിനും ഐക്യകേരള പ്രമേയം പാസാക്കി.
ഇതേ തുടർന്ന് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചു.
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് “ഒന്നേകാൽ കോടി മലയാളികൾ” എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുകയുണ്ടായി.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് കേന്ദ്ര ഗവൺമെൻ്റ് ഫസൽ അലി അധ്യക്ഷനായിക്കൊണ്ട് ഒരു സംസ്ഥാന പുനസംഘടന കമ്മീഷൻ രൂപീകരിച്ചു.
കമ്മീഷന്റെ ശുപാർശ പ്രകാരം മലബാർ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായി.