പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. 1922-ന് സമദർശി എന്ന പത്രത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് പത്രപ്രവർത്തന രംഗത്തേക്ക് ബാലകൃഷ്ണ പിള്ള പ്രവേശിച്ചു. 1926 ജൂൺ 19ന് സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4ന് പ്രബോധകൻ, ശാരദാ പ്രസിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10ന് ലൈസൻസ് റദ്ദാക്കിയതുകൊണ്ട് പ്രബോധകൻ നിർത്തി. പിന്നീട് 1930 സെപ്തംബർ 18ന് തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19ന് കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.