കോളനി ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് നിലനിന്നത്.
ജനസംഖ്യയുടെ 85 ശതമാനത്തോളം പേർ ജീവിതോ പാധിയായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ചിരുന്നു.
എന്നിരുന്നാലും കാർഷിക മേഖല മുരടിപ്പിലായിരുന്നു.
മൊത്തം കൃഷിഭൂമിയുടെ അളവിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നെങ്കിലും കാർഷികോൽപ്പാദനക്ഷമത വളരെ താഴ്ന്ന നിലയിലായിരുന്നു.
കാർഷികമേഖലയിലെ ഈ മുരടിപ്പിന് പ്രധാന കാരണം ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭൂവുടമാ സമ്പ്രദായമായിരുന്നു.
പ്രത്യേകിച്ച് ബംഗാൾ പ്രവിശ്യയിൽ (നിലവിലെ കിഴക്കൻ സംസ്ഥാനങ്ങൾ) നടപ്പിലാക്കിയ സെമീന്ദാരി സമ്പ്രദായം കൃഷിയിൽ നിന്നുള്ള ലാഭം കർഷകർക്കല്ല മറിച്ച് ഇടനിലക്കാരായ സെമീന്ദാർമാർക്കാണ് ലഭിച്ചിരുന്നത്.
കാർഷിക മേഖലയുടെ പുരോഗതിക്കുവേണ്ടി സെമിന്ദാർമാരോ കോളനി ഭരണകൂടമോ ഒന്നും ചെയ്തിരുന്നില്ല.
കർഷകരിൽ നിന്ന് വൻതോതിൽ പാട്ടം പിരിച്ചെടുക്കുന്നതിൽ മാത്രമായിരുന്നു സെമീന്ദാർമാരുടെ ശ്രദ്ധ
വർദ്ധിച്ച പാട്ടഭാരം കർഷകരുടെ ജീവിതം ദുസ്സഹമാക്കി.
ഈ സമ്പ്രദായപ്രകാരം സെമീന്ദാർ കൃത്യ സമയത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സെമീന്ദാർക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടപ്പെടും. ആയതിനാൽ കൃഷിക്കാരുടെ സാമ്പത്തികാവസ്ഥയെ സെമീന്ദാർമാർ ഒരിക്കലും പരിഗണിച്ചിരുന്നില്ല.
കൂടാതെ പഴഞ്ചൻ സാങ്കേതികവിദ്യ, ജലസേചന സൗകര്യങ്ങളുടെ അഭാവം, രാസവളങ്ങളുടെ കുറഞ്ഞ ഉപയോഗം എന്നിവയും കാർഷിക മേഖലയിലെ മുരടിപ്പിന് കാരണമായി.
കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്ക് ആകർഷിച്ചു.
ഇത് അവരുടെ സാമ്പത്തികാവസ്ഥയിൽ ചെറിയ തോതിലുള്ള പുരോഗതി ഉണ്ടാക്കിയെങ്കിലും കാർഷിക മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കി.
ജലസേചന സൗകര്യത്തിൽ നേരിയ പുരോഗതി ഉണ്ടായി എങ്കിലും, ഭൂമിയെ തട്ടുകളാക്കൽ, വെള്ളപ്പൊക്ക നിയന്ത്രണം, നീർവാർച, മണ്ണിലെ ലവണാംശങ്ങൾ നീക്കൽ തുടങ്ങിയ രംഗങ്ങളിൽ നിക്ഷേപം കുറവായിരുന്നു.
ചെറിയൊരു ഭാഗം കൃഷിക്കാർ ഭക്ഷ്യവിളകളിൽ നിന്ന് നാണ്യ വിളകളിലേക്ക് മാറിയെങ്കിലും ഭൂരിഭാഗം കുടിയാന്മാർക്കും ചെറുകിട കർഷകർക്കും കൂട്ടുകൃഷിക്കാർക്കും കൃഷിയിൽ നിക്ഷേപമിറക്കുന്നതിനാവശ്യമായ വിഭവങ്ങളോ സാങ്കേതിക വിദ്യകളോ പ്രോത്സാഹനങ്ങളോ ലഭിച്ചിരുന്നില്ല.