കോളനി ഭരണ കാലത്ത് ഇന്ത്യയുടെ പശ്ചാത്തല സൗകര്യങ്ങളായ റെയിൽവേ, തുറമുഖം, ജലഗതാഗതം, തപാൽ, കമ്പിത്തപാൽ എന്നിവ വികസിച്ചു.
ബ്രിട്ടീഷുകാരുടെ യഥാർത്ഥ ലക്ഷ്യം ഇന്ത്യക്കാർക്ക് പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നില്ല, മറിച്ച് തങ്ങളുടെ വിവിധങ്ങളായ സാമ്രാജ്യത്വ താൽപര്യങ്ങളെ സംരക്ഷിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് നിർമ്മിച്ച റോഡുകൾ ആധുനിക ഗതാഗതത്തിന് ഒട്ടും യോജ്യമായിരുന്നില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സൈനിക നീക്കങ്ങൾക്കുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് പല റോഡ് നിർമ്മാണങ്ങൾക്കും പിന്നിലുണ്ടായിരുന്നത്.
അതുപോലെ അസംസ്കൃത വസ്തുക്കൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്കും, തുറമുഖങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കും എത്തിച്ച് അത് അവിടെ നിന്ന് ഇംഗ്ലണ്ടിലേക്കോ ലാഭകരമായ മറ്റ് വിദേശകേന്ദ്രങ്ങളിലേക്കോ എത്തിക്കുക എന്ന താൽപര്യവും ഈ റോഡ് നിർമ്മാണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകൾ ഗ്രാമങ്ങളിൽ കുറവായതിനാൽ പ്രകൃതി ദുരന്തങ്ങളുടെയും ക്ഷാമത്തിന്റെയും അവസരങ്ങളിൽ ജനങ്ങൾ വളരെ പ്രയാസപ്പെട്ടിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ റെയിൽവെ ആരംഭിച്ചതോടു കൂടി ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഘടനയെ രണ്ട് രീതിയിലാണ് സ്വാധീനിച്ചത്.
ഒന്നാമതായി, ദീർഘദൂര യാത്രകൾ സാധ്യമായ തോടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിർവരമ്പുകൾ ഭേദിക്കാൻ സഹായകമായി.
രണ്ടാമതായി, കൃഷിയുടെ വാണിജ്യവൽക്കരണത്തെ അത് പരിപോഷിപ്പിച്ചെങ്കിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ സ്വയം പര്യാപ്തതയെ ദോഷകരമായി ബാധിച്ചു.
റെയിൽവേയുടെ ആവിർഭാവം കൊണ്ട് ഇന്ത്യൻ ജനതയ്ക്കുണ്ടായ സാമൂഹ്യനേട്ടം ചെറുതല്ല എങ്കിലും രാജ്യ ത്തിന്റെ സാമ്പത്തിക നഷ്ടത്തെ മറികടക്കുന്നതായിരുന്നില്ല.
റെയിൽവേ, റോഡ് എന്നിവയുടെ വികസനത്തോടൊപ്പം തന്നെ കോളനി ഭരണകൂടം ഉൾനാടൻ വ്യാപാരവും കടൽ ഗതാഗത മാർഗ്ഗങ്ങളും വികസിപ്പിക്കാനുള്ള നടപടിയെടുത്തു.
ചെലവേറിയതാണെങ്കിലും വൈദ്യുതീകൃത കമ്പിതപാൽ സംവിധാനം രാജ്യത്തിന്റെ ക്രമസമാധാനപാലനത്തിൽ വലിയ പങ്കാണ് വഹിച്ചത്.
തപാൽ സംവിധാനം ഉപകാരപ്രദമായിരുന്നുവെങ്കിലും വർദ്ധിച്ച ആവശ്യങ്ങൾക്കനുസൃതമായ സേവനം നൽകാൻ പര്യാപ്തമായിരുന്നില്ല.