പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.
1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം.
ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്.