ഋഗ്വേദകാലത്ത് ആര്യസമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു.
ഓരോ ഗോത്രവും പല 'കുലങ്ങൾ' കൂടിച്ചേർന്നതായിരുന്നു. 
ഏതാനും കുടുംബങ്ങൾ കൂടിച്ചേർന്നാൽ ഒരു കുലമായി .
ഓരോ കുടുംബത്തിലും പിതാവായിരുന്നു ഗൃഹനാഥൻ. 
ഗൃഹനാഥൻ്റെ മരണത്തോടുകൂടി കുടുംബാംഗങ്ങൾ വേർതിരിയുക സാധാരണമായിരുന്നു. 
മക്കത്തായമായിരുന്നു ദായക്രമം. 
വിവാഹസംബന്ധമായി ആര്യന്മാരുടെയിടയിൽ പ്രത്യേക നിയമങ്ങൾ ഉണ്ടായിരുന്നു. 
ഏകഭാര്യത്വം നിഷ്‌കർഷിച്ചിരുന്നുവെങ്കിലും രാജാക്കന്മാർ ഉൾപ്പെടെ ഉയർന്ന വർഗ്ഗക്കാരുടെയിടയിൽ ബഹുഭാര്യത്വവും ഉണ്ടായിരുന്നു. 
സ്ത്രീകൾ ഏകഭർത്തൃത്വം കർശനമായി പാലിക്കണമെന്നായിരുന്നു വ്യവസ്ഥ 
ഋഗ്വേദത്തിൽ ബഹുഭർതൃത്വത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. 
വിവാഹം പരിപാവനമായ ഒരു ചടങ്ങായിട്ടാണ് കരുതിപ്പോന്നത്. അതിനാൽ വിവാഹ ബന്ധം വേർപെടുത്തുവാൻ അനുവദിച്ചിരുന്നില്ല. 
വിധവാവിവാഹം അസാധാരണമായിരുന്നു.
 ശൈശവവിവാഹം ഉണ്ടായിരുന്നില്ല.
ഋഗ്വേദകാലത്തെ സമ്പദ്വ്യവസ്ഥ കൃഷിയിലും ഗ്രാമീണജീവിതത്തിലും അധിഷ്‌ഠിതമായിരുന്നു. 
കന്നുകാലിമേച്ചിൽ അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിരുന്നു. 
ഭക്ഷ്യസാധനങ്ങൾക്കുവേണ്ടി തിരച്ചിലും നടത്തിയിരുന്നു. 
ആട്, കുതിര, നായ മുതലായ മൃഗങ്ങളെ അവർ വളർത്തി. 
ജസസേചനസൗകര്യങ്ങൾക്ക് വേണ്ടി കിണറുകളും കുളങ്ങളും കുഴിച്ചു.
ഗോതമ്പും യവവുമാണ് പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ. 
നിലം ഉഴുതുവാൻ കുതിരകളെയും കാളകളെയുമാണ് ഉപയോഗിചിരുന്നത്. 
കൃഷിസംബന്ധമായ കാര്യങ്ങളിൽ ജനങ്ങൾ താത്പര്യം കാണിച്ചു. 
കാർഷികജോലിക്ക് പ്രത്യേകിച്ചു വേതനമൊന്നും നിശ്ചയിച്ചിരുന്നില്ല. 
ഋഗ്വേദകാലത്തെ ആര്യന്മാർ നഗരനിർമ്മാണത്തിൽ തീരെ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. 
നഗരജീവിതത്തെപ്പറ്റി ഋഗ്വേദത്തിൽ പരാമർശമേ ഇല്ല. 
വിവിധ വ്യവസായങ്ങളിലും കരകൗശലങ്ങളിലും അന്നത്തെ ജനങ്ങൾ പ്രാവീണ്യം നേടി. 
നെയ്ത്ത്, ചിത്രത്തയ്യൽ, കൊത്തുപണി, വാസ്തുവിദ്യ, ശില്പകല മുതലായവ അവർ അഭ്യസിച്ചിരുന്നു. 
കച്ചവടക്കാര്യങ്ങളിലും അവർ പുരോഗതി നേടി. 
സാധനങ്ങളുടെ കൈമാറ്റത്തിലൂടെ വ്യാപാരം നടത്തിയിരുന്നു. 
പശുവിന്റെ വിലയെ ആധാരമാക്കിയാണ് ക്രയവിക്രയങ്ങൾ മുഖ്യമായും നടത്തിയിരുന്നത്. 
പശുക്കളുടെ മോഷണമാണ് മിക്കവാറും യുദ്ധങ്ങൾക്ക് വഴി തെളിച്ചത്. യുദ്ധത്തിന് ഋഗ്വേദത്തിൽ 'ഗാവിഷ്ടി' എന്നാണ് പേര്. 
അതായത്, പശുക്കളെ അന്വേഷിക്കുക എന്ന്. 
'നിഷ്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു നാണയവും പ്രചാരത്തിലുണ്ടായിരുന്നു. 
പശ്ചിമേഷ്യയും ഈജിപ്റ്റുമായി വേദകാലത്തെ ആര്യന്മാർക്കു വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നതിനു തെളിവുകളുണ്ട്.