അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമ ധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്.
പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്.
മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു.
ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ ഭാഗത്താണ്.