റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണം:
1911-ൽ ഏണസ്റ്റ് റഥർഫോർഡിന്റെ നേതൃത്വത്തിൽ ഹാൻസ് ഗീഗർ (Hans Gieger), ഏണസ്റ്റ് മാസ്ഡൻ (Ernest Marsden) എന്നിവർ, നേർത്ത സ്വർണ്ണത്തകിടിൽ, ആൽഫാ കിരണങ്ങൾ പതിപ്പിച്ചു പരീക്ഷണങ്ങൾ നടത്തി.
ഈ പരീക്ഷണങ്ങൾ ആറ്റത്തിന്റെ ഘടനയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സഹായിച്ചു.
റേഡിയോആക്റ്റീവതയുള്ള പദാർഥങ്ങളിൽ നിന്ന് പുറത്തുവരുന്ന, പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങളെ, ഒരു നേർത്ത സ്വർണ്ണത്തകിടിൽ കൂടി കടത്തിവിട്ട്, അവയുടെ പാതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കണ്ടെത്താൻ റൂഥർഫോർഡ് ശ്രമിച്ചു.
സ്വർണ്ണത്തകിടിൽ നിന്ന് പുറത്തു വരുന്ന ആൽഫാ കണങ്ങൾ, വൃത്താകൃതിയിൽ ക്രമീകരിച്ച ഒരു ഫോട്ടോഗ്രാഫിക് ഫിലിമിൽ പതിപ്പിച്ചു.
റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണത്തിലെ നിരീക്ഷണങ്ങൾ:
ഭൂരിഭാഗം ആൽഫാകണങ്ങളും സ്വർണ്ണത്തകിടിലൂടെ യാതൊരു വ്യതിയാനവും ഇല്ലാതെ കടന്നുപോയി.
ചില ആൽഫാകണങ്ങൾ സ്വർണ്ണത്തകിടിൽ തട്ടിയപ്പോൾ, നേർരേഖയിൽ നിന്ന് ചെറിയ കോണളവിൽ വ്യതിചലിച്ച് സഞ്ചരിച്ചു.
വളരെ കുറച്ച് ആൽഫാകണങ്ങൾ മാത്രം (ഏകദേശം 20000-ൽ 1) 180° കോണളവിൽ വ്യതിചലിച്ച് തിരിച്ചു വന്നു.
റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണത്തിലെ അനുമാനങ്ങൾ:
ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമായതിനാലാണ്, ഭൂരിപക്ഷം ആൽഫാ കണങ്ങളും വ്യതിയാനം കൂടാതെ കടന്നു പോയത്.
പോസിറ്റീവ് ചാർജ് ഉള്ള ആൽഫാകണങ്ങളിൽ ചിലത്, ആറ്റത്തിനുള്ളിലെ പോസിറ്റീവ് ചാർജ് ഉള്ള ഭാഗത്തിന് സമീപത്ത് കൂടി കടന്നു പോയപ്പോൾ, വികർഷിക്കപ്പെട്ടതിനാലാണ്, അവ ചെറിയ കോണളവിൽ വ്യതിചലിച്ചത്.
ആറ്റത്തിലെ മുഴുവൻ പോസിറ്റീവ് ചാർജും കേന്ദ്രീകരിച്ചിരിക്കുന്നത്, ആറ്റത്തിന്റെ മധ്യഭാഗത്തുള്ള ഒരു ചെറിയ വ്യാപ്തത്തിലാണ്. ഈ കേന്ദ്രഭാഗം, ആറ്റത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, തീരെ ചെറുതാണ്. ഇതിന് നേരെ വന്ന ആൽഫാ കണങ്ങളാണ് 180° കോണളവിൽ തിരികെ വന്നത്. ഈ കേന്ദ്രത്തെ അദ്ദേഹം ന്യൂക്ലിയസ് എന്ന് വിളിച്ചു.