പുരാതന കാലം മുതൽക്കേ വിദേശ വ്യാപാരത്തിൽ പ്രശസ്തിയാർജ്ജിച്ച രാജ്യമായിരുന്നു ഇന്ത്യ.
എന്നാൽ കോളനി ഭരണകൂടം ഉൽപാദനം, വ്യാപാരം, തീരുവ എന്നീ മേഖലകളിൽ നടപ്പാക്കിയ നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഘടനയേയും, ഘടകങ്ങളേയും അളവിനേയും പ്രതികൂലമായി ബാധിച്ചു.
ഇതിന്റെ ഫലമായി അസംസ്കൃത പട്ട്, പരുത്തി, കമ്പിളി, പഞ്ചസാര, നിലം, ചണം തുടങ്ങിയ പ്രാഥമിക വസ്തുക്കൾ കയറ്റുമതി ചെയ്യുകയും ബ്രിട്ടനിലെ ഫാക്ടറികളിൽ നിർമ്മിച്ച ലഘുയന്ത്രങ്ങൾ പോലുള്ള മൂലധന വസ്തുക്കൾ, കൂടാതെ പൂർണ്ണ ഉപഭോഗവസ്തുക്കളായ പരുത്തി, പട്ട്, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.
കൂടാതെ നിക്ഷിപ്ത ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും മേൽ കുത്തകാധിപത്യം ബ്രിട്ടൻ നിലനിർത്തി.
ഇതിന്റെ ഫലമായി ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ പകുതിയിലധികവും ബ്രിട്ടനുമായും ശേഷിക്കുന്ന ഭാഗം ചൈന, സിലോൺ, (ശ്രീലങ്ക), പേർഷ്യ (ഇറാൻ) പോലുള്ള രാജ്യങ്ങളുമായും നടത്താൻ നിർബന്ധിതമായി.
1869-ൽ സൂയസ് കനാൽ തുറന്നതോടുകൂടി ഇന്ത്യൻ വിദേശ വ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കി.
ബ്രിട്ടീഷ് ഭരണകാലത്തെ വിദേശ വ്യാപാരത്തിന്റെ പ്രത്യേക ലക്ഷ്യം ഉയർന്ന കയറ്റുമതി മിച്ചം സൃഷ്ടിക്കുകയെന്നതായിരുന്നു.
എന്നാൽ ഈ മിച്ചം ഉണ്ടാക്കുന്നതിന് രാജ്യം വലിയ വില നൽകേണ്ടിവന്നു.
ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, മണ്ണെണ്ണ തുടങ്ങി പല വിധത്തിലുള്ള അത്യാവശ്യ വസ്തുക്കളുടെ ലഭ്യത ആഭ്യന്തര കമ്പോളത്തിൽ കുറഞ്ഞു.
ഈ വ്യാപാര മിച്ചം ഇന്ത്യയിലേയ്ക്കുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഒഴുക്ക് വർദ്ധിപ്പിച്ചില്ല. എന്നു മാത്രമല്ല ഇവ ബ്രിട്ടീഷുകാരുടെ ഭരണ, യുദ്ധചെലവുകൾക്കും ഒപ്പം വിവിധ സേവനങ്ങളുടെ ഇറക്കുമതി ചെലവിനായി വിനിയോഗിക്കുകയും ചെയ്തു. ഇതെല്ലാം ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ സമ്പത്തിന്റെ ഒഴുക്ക് സുഗമമാക്കി.