ഭരണഘടനയുടെ അനുച്ഛേദം 243 (k) പ്രകാരം രൂപംകൊടുത്തിട്ടുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട സ്ഥാപനമാണ് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിൻ്റെ മേൽനോട്ടം, നേത്യത്വം, നിയന്ത്രണം എന്നിവയും വോട്ടർ പട്ടിക തയ്യാറാക്കലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രധാന കർത്തവ്യങ്ങൾ.
അഞ്ച് വർഷക്കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമേ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്‌മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കും, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാരങ്ങൾ വിനിയോഗിച്ചാണ്.