ഇന്ത്യൻ പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണം ബ്രിട്ടീഷ് നയങ്ങളാണ്.
യന്ത്രനിർമിത ബ്രിട്ടീഷ് തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ഇന്ത്യൻ തുണി വ്യവസായത്തിന്റെ നാശത്തിന് കാരണമായി.
ബ്രിട്ടനിൽ നിന്ന് കൊണ്ടുവന്ന യന്ത്രനിർമിത തുണികൾക്ക് വിലക്കുറവായതിനാൽ ഇന്ത്യയിൽ എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞു.
ഇന്ത്യയിലെ തുറമുഖ നഗരങ്ങളിലെത്തുന്ന തുണിത്തരങ്ങൾ വിദൂരഗ്രാമങ്ങളിലേക്ക് എത്തിക്കാനും ഗ്രാമങ്ങളിലെ പരുത്തി ശേഖരിച്ച് തുറമുഖങ്ങളിലൂടെ ബ്രിട്ടണിലെത്തിക്കാനും റെയിൽവേയുടെ വ്യാപനം ബ്രിട്ടീഷുകാരെ സഹായിച്ചു.
ബ്രിട്ടീഷ് വിപണി ഇന്ത്യൻ തുണിത്തരങ്ങൾക്ക് നഷ്ടമായത് ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യൻ തുണിത്തരങ്ങളുടെ മേൽ ബ്രിട്ടീഷ് ഗവൺമെന്റ് ചുമത്തിയ ഉയർന്ന നികുതി അവയുടെ വില വർധിപ്പിക്കാൻ കാരണമായതാണ്.
ഇന്ത്യൻ തുണിവ്യവസായത്തിന്റെ തകർച്ച ആരംഭിച്ചത് നഗരങ്ങളിൽ നിന്നായിരുന്നു.
മൂർഷിദാബാദും ധാക്കയും പോലുള്ള തുണിത്തര നിർമാണകേന്ദ്രങ്ങൾ ജനവാസരഹിതമാവുകയും തുണി നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ കൃഷിപ്പണിയിലേക്കു തിരിയുകയും ചെയ്തു.